വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തിക: അപേക്ഷിച്ചത് 12.54 ലക്ഷം പേര്‍



വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറടക്കം 165 തസ്തികകളിലേക്കുള്ള അപേക്ഷാ സ്വീകരണം പൂര്‍ത്തിയായി. ജനുവരി 30 ആയിരുന്നു അവസാന തീയതി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാകാന്‍ 12,54,961 പേര്‍ അപേക്ഷിച്ചു. ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ക്ക് 80,515 അപേക്ഷ ലഭിച്ചു. കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന് 40,996 പേര്‍ അപേക്ഷിച്ചു. സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള കംപ്യൂട്ടര്‍ അസിസ്റ്റന്റാകാന്‍ 33,941 പേരുടെ അപേക്ഷ ലഭിച്ചു.



വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിന് അപേക്ഷിച്ചത് 33,435 പേര്‍. സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ രണ്ടാമത്തെ വിജ്ഞാപനത്തിന് 30,577 അപേക്ഷകളാണ് ലഭിച്ചത്. പൊതുമരാമത്ത്/ജലസേചന വകുപ്പുകളില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയ്ക്ക് അപേക്ഷ നല്‍കിയത് 30,576 പേര്‍. വനിതാശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ക്ക് 17,332 പേരുടെ അപേക്ഷകള്‍ ലഭിച്ചു.  2018 ഡിസംബര്‍ 29-നും 31-നുമായി രണ്ടു ഘട്ടത്തില്‍ 165 തസ്തികകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പത്ത് ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിച്ചതെങ്കിലും പന്ത്രണ്ടര ലക്ഷം കടന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്; ഒന്നര ലക്ഷം.

സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷകര്‍ 80,000 കടന്നു. ഇതിലേക്ക് തസ്തികമാറ്റത്തിന് വിജ്ഞാപനം ക്ഷണിച്ചിരുന്നില്ല. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിനും ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരത്താണ്- 6196 പേര്‍. കഴിഞ്ഞ തവണ 4000 പേരാണ് ഇവിടെ അപേക്ഷ നല്‍കിയത്.  കെ.ജി.ടി.ഇ. പരീക്ഷാഫലം ജനുവരിയില്‍ തന്നെ പ്രസിദ്ധീകരിച്ചതിനാല്‍ എല്‍.ഡി ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ക്ക് കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനായി. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ക്ക് കാല്‍ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചു.
Previous Post Next Post