സർവകലാശാലാ ലാസ്റ്റ് ഗ്രേഡ്, പോലീസ് സബ് ഇൻസ്പെക്ടർ..; 116 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം



തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2023 ഫെബ്രുവരി ഒന്നാം തീയതിവരെ അപേക്ഷിക്കാൻ സമയം നൽകും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.


Read alsoപോലീസിൽ ചേരാൻ അവസരം

സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സിന് പി.എസ്.സി. വഴിയുള്ള നിയമനത്തിന്റെ ആദ്യ വിജ്ഞാപനമാണ് വരുന്നത്. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരിയാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ബിരുദത്തിന് പഠിക്കുന്നവർക്കും 2023 ഫെബ്രുവരി ഒന്നിന് മുമ്പ് ബിരുദം നേടാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. 18-36 ആണ് പ്രായപരിധി. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ആയിരത്തിലേറെ ഒഴിവുകളുള്ളതായാണ് വിവരം. 

മറ്റ് പ്രധാന തസ്തികകളുടെ പേര് ചുവടെ:

  • ആസൂത്രണ ബോർഡിൽ ചീഫ്, 
  • മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസി. എൻജിനിയർ (സിവിൽ), 
  • സർവേ വകുപ്പിൽ സർവേയർ, 
  • സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, 
  • സപ്ലൈകോയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, 
  • മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, 
  • അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ്, 
  • ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ, 
  • ഹോമിയോപ്പതിയിൽ നഴ്‌സ് തുടങ്ങിയവയ്ക്ക് പുറമേ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, 
  • എൻ.സി.എ. വിജ്ഞാപനങ്ങളുമുണ്ട്.


സർവകലാശാലകളിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, കൺസ്ട്രക്‌ഷൻ കോർപ്പറേഷനിൽ എൻജിനിയറിങ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ എന്നിവയ്ക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാൻ യോഗം നിർദേശിച്ചു. കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അക്കൗണ്ടന്റ് നിയമനത്തിനുള്ള സാധ്യതാപട്ടിക വൈകാതെ പ്രസിദ്ധീകരിക്കും. വിനോദസഞ്ചാര വകുപ്പിൽ ബോട്ട് ഡ്രൈവർ തസ്തികയ്ക്ക് അപേക്ഷിച്ചവർക്ക് ഓൺലൈൻ പരീക്ഷ നടത്താൻ ധാരണയായി. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയുടെ മുഖ്യപരീക്ഷയെഴുതാൻ അർഹത നേടിയവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുന്നതിന് യോഗം നിർദേശിച്ചു.

Highlights: 116 psc notifications open
Previous Post Next Post