കാലിക്കറ്റ് സർവകലാശാലാ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം



കാലിക്കറ്റ് സർവകലാശാലാ 2024-25 അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: എസ്.സി. /എസ്.ടി. 195 രൂപ. മറ്റുള്ളവർക്ക് 470 രൂപ.വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതിൽ 35 ഗവ. കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെന്ററുകൾ എന്നിവയാണുള്ളത്. ബി.എ. 47, ബി.എസ്‌സി. 37, ബി.കോം. അഞ്ച്, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ.

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് CUFYUG-REGULATIONS-2024ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്‌ഷനുകളിൽ പഠനം പൂർത്തീകരിക്കാം. (എ) മൂന്നുവർഷത്തെ യു.ജി. ബിരുദം, (ബി) നാലുവർഷത്തെ യു.ജി. ബിരുദം (ഓണേഴ്സ്), (സി) നാലുവർഷത്തെ യു.ജി. ബിരുദം (ഓണേഴ്സ് വിത് റിസർച്ച്) എന്നിവ. നിലവിലുള്ള മൂന്നുവർഷ ബി.വോക്. പ്രോഗ്രാമുകൾ ഇതിന്റെ പരിധിയിൽ വരില്ല. എന്നാൽ പ്രവേശനം ഈ അലോട്മെന്റിലൂടെ തന്നെയാകും.

ഈ അധ്യയനവർഷ പ്രവേശനം മുതൽ ബി.കോം., ബി.ബി.എ. എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്‌പെഷ്യലൈസേഷൻ ഉണ്ടാകും. വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്‌പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റിൽ/നോട്ടീസ് ബോർഡിലുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷന് 20 ഓപ്‌ഷൻവരെ നൽകാം.
ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ ഓപ്‌ഷനുകൾ മുൻഗണനാക്രമത്തിൽ നൽകണം.കമ്യൂണിറ്റി ക്വാട്ടയിൽ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ്‌ കോളേജുകളിലെ ക്വാട്ടയിലാകും പരിഗണിക്കുക. ഓരോ കമ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിലുണ്ടെന്ന് ഉറപ്പുവരുത്തണം.

അപേക്ഷ സമർപ്പിച്ചവർക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാനതീയതിവരെ അപേക്ഷ എഡിറ്റ് ചെയ്യാം. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്യണം. ഈ പ്രിന്റൗട്ട് അഡ്മിഷൻ വേളയിൽ മറ്റു രേഖകളോടൊപ്പം അതത് കോളേജുകളിൽ നൽകണം.മാനേജ്മെന്റ്, സ്‌പോർട്‌സ്‌ ക്വാട്ടകളിൽ ഓൺലൈൻ രജിസ്ട്രേഷനു പുറമേ കോളേജുകളിൽ നേരിട്ടും അപേക്ഷിക്കണം. അലോട്ട്മെന്റ്, അഡ്മിഷൻ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0494 2660600, 2407016, 2407017. വെബ്‍സൈറ്റ്: admission.uoc.ac.in

Four year degree at calicut university
Previous Post Next Post