പുതിയ കാലത്തിന് പുതിയ തൊഴിൽ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി



കൊല്ലം:സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക് ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്, ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ, ബിടെക് /ബി.ഇ. സിവിൽ / ഡിപ്ലോമ സിവിൽ /സയൻസ് ബിരുദദാരികൾ /ബി.ആർക്ക് / ബി.എ. ജോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം, ഏതെങ്കിലും വിഷയത്തിൽ ബി. ടെക് ബിരുദംനേടിയവർ / ബിഎസ്സി ഫിസിക്‌സ്, കെമിസ്ട്രി ബിരുദദാരികൾക്ക് ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗ്, ബി.ടെക്‌ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്കുള്ള പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്‌മെന്റ് എന്നിവയാണ് മാനേജീരിയൽതല പരിശീലനങ്ങൾ.
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ, പത്താം ക്ലാസ്സു വിജയിച്ചവർക്കും, ഐ ടി ഐ യോഗ്യതയുള്ളവർക്കും /ഐ ടി ഐ പരിശീലനം പൂർത്തീകരിക്കാത്തവർക്കും അപേക്ഷിക്കാവുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, പത്താംക്ലാസ് /ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന ഹൗസ് കീപ്പിംഗ് ട്രെയിനീ ലെവൽ 3 എന്നിങ്ങനെയുള്ള ടെക്നിഷ്യൻ തലങ്ങളിലെ പരിശീലനങ്ങളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം, ഹൗസ് കീപ്പിംഗ് പരിശീലന പരിപാടിയിൽ വനിതകൾക്ക് 90 ശതമാനം ഫീസിളവുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പരിശീലന പരിപാടികൾക്ക് ഫീസിളവ് നൽകുന്നത്.ഫീസ് ആനുകൂല്യത്തോടെ പരിശീലനത്തിൽ പ്രവേശിക്കുവാൻ താഴെ പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിക്കണം.

a. കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ


b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി / പട്ടിക വർഗ / ഒ ബി സി വിഭാഗത്തിൽ പെടുന്നവർ

c. കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ

d. ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക

e. ഭിന്നശേഷിയുള്ള കുട്ടിയുടെ അമ്മ

f. വിധവ/വിവാഹ മോചനം നേടിയവർ 

g. ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ   

ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് സന്ദർശിക്കുക. www.iiic.ac.in. കൂടുതൽ വിവരങ്ങൾക്ക് 8078980000.

IIIC with new job trainings
Previous Post Next Post