എൻഎംസി വിജ്ഞാപനം : 50 എംബിബിഎസ് സീറ്റോടെയും മെഡിക്കൽ കോളജ് തുടങ്ങാം



തൃശൂർ: രാജ്യത്ത് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിക്കുന്ന എംബിബിഎസ് സീറ്റുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. അടുത്ത അധ്യയനവർഷം മുതൽ പുതിയ മെഡിക്കൽ കോളജുകൾക്ക് 50 / 100 / 150 എന്ന ക്രമത്തിലായിരിക്കും സീറ്റ് അനുവദിക്കുക. നിലവിലുള്ള 100 / 150 / 200 / 250 എന്ന ക്രമമാണ് ഈ മാസം 16ലെ വിജ്ഞാപനപ്രകാരം മാറുന്നത്. നിലവിൽ 250 എംബിബിഎസ് സീറ്റുകളുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കൽ കോളജുകൾക്ക് അതേ നിലയിൽ തുടരാം. നിലവിൽ 150 സീറ്റുകളുള്ള ആലപ്പുഴ, കോട്ടയം, തൃശൂർ ഗവ.മെഡിക്കൽ കോളജുകൾക്ക് ഭാവിയിൽ കൂടുതൽ സീറ്റ് അനുവദിക്കില്ല.അതേസമയം, കുറഞ്ഞത് 50 സീറ്റുകളുടെ സൗകര്യമുണ്ടെങ്കിൽ പുതിയ മെഡിക്കൽ കോളജ് തുടങ്ങാം. വികസനത്തിൽ പിന്നാക്കമുള്ള പ്രദേശങ്ങളിലും ആദിവാസി– പട്ടികജാതി മേഖലകളിലും നിലവിലെ സർക്കാർ ആശുപത്രികളെ 50 എംബിബിഎസ് സീറ്റുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മെഡിക്കൽ കോളജുകളാക്കാൻ പുതിയ ഉത്തരവു സഹായകമാകും. 220 കിടക്കകളും അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഉണ്ടെങ്കിൽ 50 സീറ്റുകളുടെ അനുമതി ലഭിക്കും. ലക്ഷദ്വീപ് പോലുള്ള പ്രദേശങ്ങളിൽ പുതിയ മാനദണ്ഡം സഹായകരമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവു വരുമാനത്തെ ബാധിക്കുമെന്നതിനാൽ സ്വകാര്യ മുതൽമുടക്ക് കുറയാനും കാരണമായേക്കും. സീറ്റുകൾക്കൊപ്പം താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, ആശുപത്രിയിലെയും വിവിധ പഠന വിഭാഗങ്ങളിലെയും മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത എന്നിവയും കർശന മാനദണ്ഡങ്ങളായി കണക്കാക്കുമെന്നു വിജ്ഞാപനത്തിലുണ്ട്. അതേസമയം, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം നിയന്ത്രിക്കുന്നതു വിദ്യാർഥികളെ പഠനത്തിനു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്ന ന്യൂനതയുണ്ട്.


Read also

ജനസംഖ്യാനുപാതികമായി സീറ്റ്: കേരളത്തിന് തിരിച്ചടി 10 ലക്ഷം പേർക്ക് 100 എംബിബിഎസ് സീറ്റ് എന്ന അനുപാതം പാലിച്ച് മെഡിക്കൽ കോളജുകൾ അനുവദിക്കാനുള്ള തീരുമാനം കേരളത്തിനു തിരിച്ചടിയാകും. സംസ്ഥാന ജനസംഖ്യ മൂന്നരക്കോടിയായതിനാൽ 3500 എംബിബിഎസ് സീറ്റുകളേ അനുവദിക്കാനാകൂ. നിലവിൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ അടക്കമുള്ള 21 മെഡിക്കൽ കോളജുകളിലായി 4505 സീറ്റുകളുണ്ട്. ഈ അധ്യയന വർഷം 4205 സീറ്റുകളിൽ പ്രവേശനം നടന്നു. വയനാട്, കാസർകോട് ജില്ലകളിൽ പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ താനും. എന്നാൽ, നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതിനാൽ ഇവ തുടങ്ങാൻ തടസ്സമുണ്ടാകില്ലെന്നാണു വിലയിരുത്തൽ.

വിദേശ പഠനം: വ്യവസ്ഥകൾ പാലിക്കണം വിദേശത്തെ മെഡിക്കൽ കോഴ്സുകൾ സിലബസ്, ഭാഷ, കോഴ്സ് ദൈർഘ്യം, ക്ലിനിക്കൽ പരിശീലനം, ഇന്റേൺഷിപ് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കുന്നതാണെന്ന് ഉറപ്പാക്കണമെന്ന് എൻഎംസിയുടെ നിർദേശം. ഏതെങ്കിലുമൊരു വ്യവസ്ഥ പാലിച്ചില്ലെങ്കിൽ പോലും അയോഗ്യത നേരിടും.

വീണാ ജോർജ്, ആരോഗ്യമന്ത്രി

കേന്ദ്ര സംഘം വയനാട്ടിൽ ആദ്യ പരിശോധന നടത്തി. അവർ നിർദേശിച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തി അടുത്ത സന്ദർശനം കാത്തിരിക്കുകയാണ്. നേരത്തേ തന്നെ അപേക്ഷിച്ചതിനാൽ എൻഎംസി തീരുമാനം ബാധിക്കാനിടയില്ല. കാസർകോട്ട് 10 കിലോമീറ്റർ പരിധിയിൽ വേറെ മെഡിക്കൽ കോളജുകളില്ല. അതിനാൽ അവിടെയും തടസ്സമുണ്ടാകുമെന്നു കരുതുന്നില്ല - വീണാ ജോർജ്, ആരോഗ്യമന്ത്രി

ഡോ.മോഹനൻ കുന്നുമ്മൽ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ

വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്കുള്ള അപേക്ഷ സർക്കാർ നേരത്തേ തന്നെ നൽകിയതാണെന്നു ചൂണ്ടിക്കാട്ടി എൻഎംസിയോട് ഇളവു തേടാം. ഗവ. മെഡിക്കൽ കോളജ് ആശുപത്രികൾ പാവപ്പെട്ട രോഗികളുടെ പ്രധാന ആശ്രയമാണ്. വയനാട്, കാസർകോട് ജില്ലകളുടെ ഭൂമിശാസ്ത്രപരവും വികസനപരവുമായ സാഹചര്യവും പരിഗണിക്കണം - ഡോ.മോഹനൻ കുന്നുമ്മൽ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ

NMC notification: Now, medical colleges can be run with only 50 MBBS seats
Previous Post Next Post